തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ജില്ലാ കളക്ടർ നിയോഗിച്ച അന്വേഷണസംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. സബ് കളക്ടർ കെ മീരയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടുണ്ടോ എന്ന് അടക്കമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
രണ്ടുപേരുടെ മരണത്തിനും വ്യാപക നാശനഷ്ടങ്ങൾക്കും ഇടയാക്കിയ തൃപ്പൂണിത്തുറ സ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസിന്റെ നിർദ്ദേശം മറികടന്നാണ് പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പടക്കം എത്തിച്ചത്. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയിട്ടും പൊലീസ് തടഞ്ഞില്ല എന്നതും ദുരൂഹമാണ്. സ്ഫോടനത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. നാശനഷ്ടങ്ങൾ സംബന്ധിച്ച പ്രാഥമിക കണക്കെടുപ്പും അന്വേഷണസംഘം നടത്തിയേക്കും.
സ്ഫോടനത്തിൽ 50ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നഷ്ടപരിഹാരത്തിനായി കോടതിയുടെ മേൽനോട്ടത്തിൽ കമ്മീഷനെ നിയോഗിച്ച് കണക്കെടുപ്പ് നടത്തണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട അഭിഭാഷകരുമായി ചർച്ച നടത്തി. പുതിയകാവ് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. വിഷ്ണു, ദിവാകരൻ എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റവർ ചികിത്സയിലാണ്.