വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ തൃപ്പൂണിത്തുറയിലെ ദമ്പതികളും പ്രതികളാകും

കൊച്ചി: കളമശ്ശേരി വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണിത്തുറയിലെ ദമ്പതികളും പ്രതികളാകും. വ്യാജരേഖ ചമക്കൽ, അതിനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളിലാണ് അന്വേഷണം നടത്തുക. ഇവരുടെ മൊഴി പൊലീസ് ഉടൻ തന്നെ എടുക്കുമെന്നാണ് സൂചന.

നിലവിൽ കളമശേരി മെഡിക്കൽ കോളജ് ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. തൃപ്പൂണിത്തുറയിലെ ദമ്പതികളാണ് വ്യാജ ജനന സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനുള്ള നീക്കങ്ങൾ നടത്തിയത്. അതിന്റെ ഭാഗമാകുകയായിരുന്നു മെഡിക്കൽ കോളജ് ജീവനക്കാരെന്നാണ് പൊലീസിന്റെ പ്രാഥമിക നിമഗനം.

കുട്ടിയെ കടത്തിക്കൊണ്ടു പോയതാണോ എന്നതും അന്വേഷിച്ചേക്കും. ഇക്കാര്യത്തിൽ ശിശു സംരക്ഷണ സമിതിയുടെ അന്വേഷണത്തിന് ശേഷമാകും തീരുമാനമെടുക്കുക. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.

അതിനിടെ, വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. മെഡിക്കൽ റെക്കോർഡ്‌സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്‌ക്കിലെ ജീവനക്കാരി രഹനയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നും, കുട്ടിയുടെ വിലാസം രേഖയിൽ തിരുത്താനാണെന്നും സംഭാഷണത്തിൽ സൂചിപ്പിക്കുന്നു.

Top