മഹാഭാരതകാലത്ത് സാങ്കേതികവിദ്യകള്‍ ഉണ്ടായിരുന്നുവെന്ന അഭിപ്രായത്തില്‍ ഉറച്ച് ബിപ്ലബ് കുമാര്‍ ദേബ്

biplav

ന്യൂഡല്‍ഹി: മഹാഭാരത കാലഘട്ടത്തില്‍ ഇന്റര്‍നെറ്റും കൃത്രിമോപഗ്രഹങ്ങളും അടക്കം സാങ്കേതികവിദ്യകള്‍ ഉണ്ടായിരുന്നുവെന്ന അഭിപ്രായത്തില്‍ നിന്നും മാറാതെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സങ്കുചിത മനസ്‌കര്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പായതിനാല്‍ ശാസ്ത്രത്തിന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ കാര്യം തെളിയിക്കാന്‍ സാധിക്കില്ലായിരിക്കാമെന്നും, എന്നാല്‍, ലോകത്തിലെ ഏറ്റവും മികച്ചതും ശ്രേഷ്ഠവുമായ രാജ്യമാണ് ഇന്ത്യ എന്ന കാര്യം എല്ലാ ഇന്ത്യക്കാരുടെയും മനസ്സിലുണ്ടാവേണ്ടതാണെന്നും, മറ്റൊരു രാജ്യം നേടുന്നതിനു മുന്‍പ് തന്റെ രാജ്യത്ത് ഇത്തരം സാങ്കേതികവിദ്യകള്‍ ഉണ്ടായിരുന്നുവെന്നതില്‍ അഭിമാനമുണ്ടെന്നും, ഈ സത്യം അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറാവണമെന്നും ബിപ്ലവ് ദേബ് കുമാര്‍ പറഞ്ഞു.

പലരും സങ്കുചിത മനസ്‌കരാണ്. അങ്ങനെയുള്ളവര്‍ക്കാണ് ഇത്തരം സത്യങ്ങള്‍ അംഗീകരിക്കാന്‍ പ്രയാസമുള്ളത്. അവര്‍ സ്വന്തം രാജ്യത്തെ താഴ്ത്തിക്കെട്ടുകയും മറ്റു രാജ്യങ്ങള്‍ മഹത്തരമാണെന്നു വിചാരിക്കുകയും ചെയ്യും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഒരു ശില്‍പശാലയില്‍ സംസാരിക്കുമ്പോഴായിരുന്നു മഹാഭാരതകാലത്ത് ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നുവെന്ന് ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞത്.

Top