പിആര്‍ബി ആക്ട് ലംഘനം:സിപിഎം തൃപുര മുഖപത്രം ‘ദേശര്‍ കഥ’ക്കെതിരെ കേസ്

CPM

ന്യൂഡല്‍ഹി: നിയമ ലംഘനത്തിന് തൃപുരയിലെ സിപിഎം മുഖപത്രമായ ദേശര്‍ കഥയ്‌ക്കെതിരെ കേസ്. പ്രെസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് 1867 നിയമം ലംഘിച്ചു എന്നാണ് കേസില്‍ പറഞ്ഞിരിക്കുന്നത്. അടുത്തയാഴ്ച വാദം കേള്‍ക്കുമെന്നും പത്രത്തിന് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്നും തൃപുര ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് നാംദിയോ മഹാത്മേ പറഞ്ഞു.

എന്നാല്‍ പരാതിക്കാരന്റെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. വസ്തുകള്‍ പരസ്പര വിരുദ്ധമായി പ്രസിദ്ധീകരിച്ചു എന്നാണ് പരാതിക്കാരന്റെ പ്രധാന കണ്ടെത്തല്‍.

എന്നാല്‍ കോടതിയുടെ ഒരു തരത്തിലുമുള്ള നോട്ടീസും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പത്രത്തിന്റെ എഡിറ്റര്‍ സമീര്‍ പോള്‍ വ്യക്തമാക്കി. എല്ലാ നിയമ കാര്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് പത്രത്തിലെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറുള്ളതെന്നും എന്തും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മും പത്രവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേസില്‍ അവസാന വിധിയ്ക്കായി കാത്തിരിക്കുകയാണെന്നും ബിജെപി വക്താവ് മൃണാള്‍ കാന്തി ദേവ് പറഞ്ഞു. സത്യം പുറത്തുവരണമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.

Top