അഗര്‍ത്തല : ത്രിപുരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. ത്രിപുരയിലെ ഗോത്രവര്‍ഗക്കാരും ഇതര സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.
ലോക്‌സഭ പാസാക്കിയ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. അസമില്‍ പന്ത്രണ്ടു മണിക്കൂര്‍ ബന്ദ് പലയിടത്തും അക്രമാസക്തമായി. ബില്ലിനെതിരെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ആള്‍ ആസാം സ്റ്റുഡന്റസ് യൂണിയന്‍ എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അസമിലെ ദിബ്രുഗഢില്‍ വിഘടനവാദി സംഘടനയായ ഉള്‍ഫയും പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി പതാക ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുണ്ട്.
അസം ജാതിയബാദി യുവ ഛാത്ര പരിഷത്ത് ജനറല്‍ സെക്രട്ടറി പലാഷ് ചങ്മായിയെ സെക്രട്ടേറിയറ്റിലേക്ക് കറുത്ത കൊടിയുമായി പ്രതിഷേധം നയിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആള്‍ അസം സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി. പൗരത്വബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ വച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പൊലീസ് ലാത്തിവീശിയിരുന്നു.