അഗര്‍ത്തല: വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് നമ്മള്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ ഒരു നനഞ്ഞ തുണിയില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പറ്റുമോ? പറ്റുമെന്നാണ് ത്രിപുര സ്വദേശിയായ ശന്‍ഖ സുബ്ര ദാസ് അവകാശപ്പെടുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ ഫോണുകളും മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക് കിറ്റുകളും ചാര്‍ജ് ചെയ്യാമെന്നാണ് എന്‍ജിനീയറായ ശന്‍ഖ സുബ്ര ദാസിന്റെ കണ്ടുപിടുത്തം. ഈ നവീന ആശയത്തിലുള്ള കണ്ടുപിടുത്തത്തിന് ശന്‍ഖയെ തേടി ഗാന്ധിയന്‍ യങ് ടെക്‌നോളജിക്കല്‍ ഇന്നവേഷന്‍ (ജി.വൈ.ടി.ഐ) പുരസ്‌കാരവും എത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ വര്‍ധനാണ് ശന്‍ഖയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്.
സിപാഹിജാല ജില്ലയിലെ ചെറിയ ഗ്രാമമായ ഖേദാബരിയില്‍ നിന്നുള്ളയാളാണ് ശന്‍ഖ സുബ്ര ദാസ്. ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ നിന്ന് പിഎച്ച്.ഡി നേടിയ ഇദ്ദേഹം ജലത്തിന്റെ കാപ്പിലറി ചലനത്തെയും ജലബാഷ്പീകരണത്തെയും ആശ്രയിച്ചാണ് ഈ സാങ്കേതികത വികസിപ്പിച്ചിരിക്കുന്നത്.
പ്രത്യേക അളവില്‍ മുറിച്ച തുണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ തുണി പകുതി വെള്ളം നിറച്ച ഒരു ബക്കറ്റില്‍ കുത്തനെ വെച്ചിരിക്കുന്ന പ്ലാസ്റ്റിക് സ്‌ട്രോയില്‍ ഇറക്കി വെക്കും. ഈ സ്‌ട്രോയുടെ രണ്ടു വശങ്ങളിലും കോപ്പര്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച് വോള്‍ട്ടേജ് ശേഖരിക്കും. വെള്ളം മുകളില്‍ എത്തുമ്പോള്‍ കാപ്പിലറി ചലനം (ദ്രാവകങ്ങള്‍ സ്‌ട്രോ പോലുള്ള ഇടുങ്ങിയ ഇടങ്ങളിലൂടെ ഗുരുത്വാകര്‍ഷണത്തിന്റെ സഹായമില്ലാതെയോ, ഗുരുത്വാകര്‍ഷണത്തിന് എതിരായോ ചലിക്കുന്നത്) മൂലം വോള്‍ട്ട്മീറ്ററില്‍ 700 മില്ലി വോള്‍ട്ട് രേഖപ്പെടുത്തും. ഇലക്ട്രിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള വൈദ്യുതി ഇത്തരം ഒരു ഉപകരണം കൊണ്ട് ഉല്‍പാദിപ്പിക്കാനാകില്ല. ഇത്തരം 3040 ഉപകരണങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിപ്പിച്ചാണ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചാര്‍ജ് ലഭിക്കുന്നതെന്ന് ശന്‍ഖ പറഞ്ഞു.
ഈ രീതിയില്‍ ഉപകരണങ്ങള്‍ കൊണ്ട് 12 വോള്‍ട്ട് വരെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇതു ചെറിയ എല്‍.ഇഡി ലൈറ്റുകള്‍ കത്തിക്കാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും ഹീമോഗ്ലോബിന്‍ -ഗ്ലൂക്കോസ് ടെസ്റ്റിങ് കിറ്റുകള്‍ പോലുള്ള ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനും ഉപകരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഗ്രാമീണ മേഖലകളില്‍ കുറഞ്ഞ ചെലവില്‍ ചാര്‍ജിങ് സൗകര്യം ഒരുക്കാനുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ശന്‍ഖയും കൂട്ടരും ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.