Tripura tribal couple sell daughter for Rs 650

അഗര്‍ത്തല: നിരവധി വര്‍ഷങ്ങളായി സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയില്‍ 650 രൂപക്ക് കുട്ടിയെ വിറ്റ സംഭവം വിവാദമാകുന്നു.

സര്‍ക്കാരിന്റെ പിടിപ്പ്‌കേട് കൊണ്ടാണ് ഈ സംഭവമുണ്ടായതെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

പിന്നോക്ക പ്രദേശമായ ദലായ് ജില്ലയിലെ ഗണ്ടാചേരയിലെ ആദിവാസി ദമ്പതിമാരാണ് പോറ്റാന്‍ കഴിയാത്തതിനാല്‍ കുട്ടിയെ വിറ്റത്.

ഒരു പ്രമുഖ പ്രാദേശിക ദിനപത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഇതേതുടര്‍ന്ന് ഇപ്പോള്‍ മാതാപിതാക്കളായ ഹരിതയെയും ചരണെയെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ 18-ാം തിയതി ഇവര്‍ രണ്ട് വയസ്സുകാരിയായ മകളെ വിറ്റുവെന്നാണ് ചുമത്തിയിരിക്കുന്ന കേസ്.

അതേസമയം, സംഭവം വിവാദമായതോടെ ജാള്യത മറയ്ക്കാന്‍ സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നു.

സംഭവ സ്ഥലം സന്ദര്‍ശിച്ച സബ്കളക്ടര്‍ പറഞ്ഞത് കുഞ്ഞിനെ നന്നായി പഠിപ്പിക്കാനായി ദമ്പതിമാര്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ്. കുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ചതായും സബ്കളക്ടര്‍ വ്യക്തമാക്കി.

എന്നാല്‍ അധികൃതരുടെ ഈ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പ്രതിപക്ഷം രംഗത്തിറങ്ങിയിരിക്കുന്നത്.

രണ്ട് വയസ്സുകാരിയെ പഠിപ്പിക്കാന്‍ മറ്റൊരാളെ മാതാപിതാക്കള്‍ ഏല്‍പ്പിച്ചുവെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക എന്നതാണ് അവരുടെ ചോദ്യം.

സംസ്ഥാനത്ത് ആദിവാസി മേഖലയിലുള്ളവര്‍ പട്ടിണികൊണ്ട് മരിക്കുകയാണെന്നും അത്‌കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് എംഎല്‍എ സുദീപ് റോയ് ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും ബിജെപിയുമെല്ലാം പ്രക്ഷോഭ രംഗത്തിറങ്ങിക്കഴിഞ്ഞു. സര്‍ക്കാരിനെയും സിപിഎം നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കിയാണ് പ്രതിഷേധം.

പാവങ്ങളുടെ പാര്‍ട്ടിയായി അറിയപ്പെടുന്ന സിപിഎമ്മിന് സ്വന്തം സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് സംഭവം തിരിച്ചടിയായിരിക്കുകയാണ്.

ലളിതമായ ജീവിത രീതിയിലൂടെ നൂറ് ശതമാനവും കമ്മ്യൂണിസ്റ്റായി ജിവിക്കുന്ന ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ കറ കളഞ്ഞ ഇമേജാണ് ചെങ്കോട്ടയായി ത്രിപുരയെ മുന്നോട്ട് കൊണ്ടുപോകാന്‍ സിപിഎമ്മിന് സഹായകരമായിരുന്നത്.

അയല്‍ സംസ്ഥാനമായ ബംഗാളില്‍ ഇടത് ഭരണം നിലം പൊത്തി സിപിഎം അഗ്നിപരീക്ഷണം നേരിടുമ്പോഴും ത്രിപുരയില്‍ സിപിഎമ്മിന്റെ ശക്തിക്ക് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല.

അടുത്തയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പോലും സിപിഎം മികച്ച വിജയമാണ് കൊയ്തിരുന്നത്.

ത്രിപുരയില്‍ ഭരണം പിടിക്കുക സ്വപ്നം മാത്രമായ പ്രതിപക്ഷത്തിന് സര്‍ക്കാരിനെ പ്രഹരിക്കാന്‍ വീണ് കിട്ടിയ ആയുധമാണിപ്പോള്‍ കുട്ടിയെ വിറ്റ സംഭവം.

Top