അഗര്‍ത്തല: കേന്ദ്രകായിക മന്ത്രിയുടെ ഫിറ്റ്‌നെസ് ചലഞ്ച് ത്രിപുരയിലെ യുവാക്കള്‍ ഏറ്റെടുക്കണമെന്നും ആരോഗ്യമുള്ള യുവാക്കള്‍ക്കൊപ്പം സംസ്ഥാനം വികസിക്കുമെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ത്രിപുരയ്ക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടാകുമെന്നും ഇതിലൂടെ എല്ലാവര്‍ക്കും വികസനം എന്ന എന്‍ഡിഎ സര്‍ക്കാര്‍ മുദ്രാവാക്യം യാഥാര്‍ഥ്യമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
പുഷ് അപ് എടുത്താല്‍ യുവാക്കളെല്ലാം ആരോഗ്യമുള്ളവരാകുമെന്നും അങ്ങനെ ത്രിപുരയ്ക്കും ആരോഗ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയ്ക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടാകുന്നതിലൂടെ സബ്കാ സാത്ത്, സബ്കാ വികാസ് (എല്ലാവര്‍ക്കും വികസനം) എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാകും ബിപ്ലബ് ദേബ് പറഞ്ഞു. താന്‍ ദിവസേന 20 പുഷ് അപ്പുകള്‍ എടുക്കാറുണ്ടെന്നും വേണമെങ്കില്‍ അതില്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്ര കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച ബിപ്ലബ് ദേബ് 20 പുഷ് അപ്പുകള്‍ ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് 56 ഇഞ്ച് അളവുള്ള നെഞ്ചളവുണ്ടെന്നും എതിരാളികളെ പോലെയല്ലെന്നും പറഞ്ഞിരുന്നു.