തലസ്ഥാനത്തെ ഡിപ്ലോമാറ്റിക് ലഗേജിലെ സ്വര്‍ണക്കടത്ത്; പിടിയിലായ പി.ആര്‍.ഒ വ്യാജന്‍

തിരുവനന്തപുരം: കഴിഞ്ഞദിവസം തലസ്ഥാനത്തെ വിമാനത്താവളത്തില്‍ പിടികൂടിയ മുപ്പത്തിയഞ്ച് കിലോ സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ സരിത് യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരനല്ല. കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. ആണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി.

കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരനാണ് സരിത്. ഇയാളെ നേരത്തെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് സരിത്. കൊച്ചിയില്‍ എത്തിച്ച ഇയാളുടെ അറസ്റ്റ് തിങ്കളാഴ്ച തന്നെ രേഖപ്പെടുത്തും.

അതേസമയം, സരിതിന്റെ കൂട്ടാളിയായ യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. യുവതിയും യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ജീവനക്കാരിയാണ്. കോണ്‍സുലേറ്റിലെ കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നും സംശയമുണ്ട്.

കൂടാതെ കേസില്‍ അന്വേഷണം മേല്‍ത്തട്ടിലേക്ക് വ്യാപിപ്പിക്കുകയാണ്.. യുഎഇ കോണ്‍സുലേറ്റിലെ ചില പ്രമുഖരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് ശ്രമമെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ നടപടിയില്‍ കസ്റ്റംസ് നിയമോപദേശം തേടും.

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയ്ക്ക് തിരുവനന്തപുരം വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ദുബായില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ ഡിപ്ലോമാറ്റിക് ലഗേജില്‍ നിന്ന് 15 കോടി രൂപ വില വരുന്ന 35 കിലോയിലേറെ സ്വര്‍ണമാണ് പിടിച്ചത്.

ജൂണ്‍ 30ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സലേറ്റിന്റെ അനുമതിയോടെ തിരുവനന്തപുരത്തെ ഒരു സുപ്രധാന ഓഫീസിലേക്ക് അയച്ച ലഗേജില്‍ ഡോര്‍ ലോക്ക്, ഹാന്‍ഡില്‍ തുടങ്ങിയ വസ്തുക്കള്‍ക്കൊപ്പം റോളുകളും റിംഗുകളുമാക്കിയാണ് സ്വര്‍ണം വച്ചിരുന്നത്

Top