തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ലഗേജിലെ സ്വര്‍ണക്കടത്ത്; അന്വേഷണം ഉന്നതരിലേക്ക്

തിരുവന്തപുരം കഴിഞ്ഞദിവസം തലസ്ഥാനത്തെ വിമാനത്താവളത്തില്‍ പിടികൂടിയ മുപ്പത്തിയഞ്ച് കിലോ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം മേല്‍ത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നു. യുഎഇ കോണ്‍സുലേറ്റിലെ ചില പ്രമുഖരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് ശ്രമമെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ നടപടിയില്‍ കസ്റ്റംസ് നിയമോപദേശം തേടും.

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയ്ക്ക് തിരുവനന്തപുരം വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ദുബായില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ ഡിപ്ലോമാറ്റിക് ലഗേജില്‍ നിന്ന് 15 കോടി രൂപ വില വരുന്ന 35 കിലോയിലേറെ സ്വര്‍ണമാണ് പിടിച്ചത്.

ജൂണ്‍ 30ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സലേറ്റിന്റെ അനുമതിയോടെ തിരുവനന്തപുരത്തെ ഒരു സുപ്രധാന ഓഫീസിലേക്ക് അയച്ച ലഗേജില്‍ ഡോര്‍ ലോക്ക്, ഹാന്‍ഡില്‍ തുടങ്ങിയ വസ്തുക്കള്‍ക്കൊപ്പം റോളുകളും റിംഗുകളുമാക്കിയാണ് സ്വര്‍ണം വച്ചിരുന്നത്.

അതേസമയംകള്ളക്കടത്തില്‍ പങ്കുള്ള അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇവരിലൊരാള്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോ?ഗസ്ഥയാണ്. ഈ സംഘം മുമ്പും കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് സൂചന. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ സ്വര്‍ണ്ണം പുറത്തെത്തിച്ചത്. കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാന്‍ അവകാശമില്ലെന്നായിരുന്നു ഇവരുടെ വാദം.

Top