വിമാനത്താവളം വിറ്റ പണം കൊണ്ട് തിരഞ്ഞടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വിഎസ്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വിറ്റ പണം കൊണ്ട് തിരഞ്ഞടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വിഎസ്.അച്യുതാനന്ദന്‍.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പാവകാശം അദാനിക്ക് ലഭിക്കാൻ വേണ്ടി മോദി സർക്കാ‍ർ വഴിവിട്ട നീക്കങ്ങൾ നടത്തി. സ്വന്തക്കാർക്ക് വേണ്ടി മോദി നിയമവിരുദ്ധമായി പലതും ചെയ്തു. എന്നാൽ അത്ര എളുപ്പത്തിൽ തിരുവനന്തപുരം വിമാനത്താവളം സ്വന്തക്കാർക്ക് നൽകാൻ ബിജെപിക്ക് കഴിയില്ലെന്നും വി എസ് പറഞ്ഞു.

അഴിമതിയുടെ പടുകുഴിയിലാണ് ബിജെപി സർക്കാരെന്നും വി എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തി. ഭീകരവാദികൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണ്. എന്നാൽ അത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാകരുതെന്നും രാജ്യരക്ഷയെ മുൻനിർത്തിയാവണമെന്നും വി എസ് പറഞ്ഞു.

സുപ്രീം കോടതി വരെ കേസ് നടത്തിയിട്ടാണെങ്കിലും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാന്‍ അനുവദിക്കില്ലെന്ന് വിമാനത്താവള സ്വകാര്യവല്‍കരണ വിരുദ്ധ ആക്ഷന്‍ സമിതി ചെയര്‍മാനും സിപിഐഎം നേതാവുമായ എം വിജയകുമാര്‍ പറഞ്ഞു. വിമാനത്താവള സ്വകാര്യവല്‍കരണത്തിന് പിന്നില്‍ ശശിതരൂര്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു

അതേസമയം കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിന് പിന്നാലെ ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ചേര്‍ന്ന പ്രതിഷേധ സമരം വിഎസ് അച്യുതാനന്ദന്‍ ഉത്ഘാടനം ചെയ്തു.

Top