തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഹമ്മദ് അലിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഡിആര്‍ഐ റെയ്ഡ് നടത്തി. സ്വര്‍ണം വാങ്ങിയത് മുഹമ്മദ് അലി എന്നയാള്‍ക്ക് വേണ്ടിയാണെന്ന് ഡിആര്‍ഐ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.
തിരുവനന്തപുരം കിഴക്കേകോട്ടയിലെ പി.പി.എം ചെയിന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മുഹമ്മദ് അലി. മുഹമ്മദ് അലിയും മാനേജര്‍ ഹക്കീമും ഒളിവിലാണ്. അതേസമയം കേസില്‍ ഇന്നലെ സിബിഐ കേസെടുത്തിരുന്നു. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തത്. പതിനൊന്ന് പ്രതികള്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുള്ള സാഹചര്യത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ സിബിഐ ശേഖരിച്ചിരുന്നു. അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനെതിരെയും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
കേസില്‍ ഇടനിലക്കാരനായ ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ബുധനാഴ്ച റവന്യൂ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. 22 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തു നിന്നും കൊണ്ടു വന്നിട്ടുണ്ടെന്ന് ഡിആര്‍ഐ പറയുന്നു. പ്രകാശാണ് മലപ്പുറം സ്വദേശി ഹക്കീമിന് സ്വര്‍ണം എത്തിക്കുന്നത്. സ്വര്‍ണം കടത്തുന്നതിനിടയില്‍ പിടിയിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തിരുമല സ്വദേശി സുനില്‍കുമാറിന്റെ സുഹ്യത്താണ് പ്രകാശ്. ഇടനിലക്കാരന്‍ പ്രകാശ് തമ്പി സ്വര്‍ണ്ണം കടത്തുന്ന ദൃശ്യങ്ങളും സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്.
മേയ് 13നാണു 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ ഡിആര്‍ഐ അറസ്റ്റു ചെയ്തത്.