തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് നടക്കുന്ന ഹര്‍ത്താലിലെ അക്രമങ്ങള്‍ തടയാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി. സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ ഇന്നലെ വൈകിട്ടോടെ പോലീസ് സംഘത്തെ വിന്യസിച്ച് പിക്കറ്റിങ് ഏര്‍പ്പെടുത്തി. മാത്രമല്ല ഹര്‍ത്താലില്‍ അക്രമ സാധ്യത മുന്നില്‍ കണ്ട് എറണാകുളത്ത് നിരവധി നേതാക്കളെ കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്.
ഹര്‍ത്താലിന്റെ സമയത്ത് ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ അഗ്‌നിരക്ഷാസേന സ്‌ട്രൈക്കിങ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രശ്‌നസാധ്യതയുള്ള മേഖലകളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും നിയോഗിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ വഴിതടയലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി. നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, കോടതികള്‍, കെ.എസ്.ഇ.ബി. എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ പോലീസ് സംരക്ഷണം നല്‍കും. കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്താന്‍ പോലീസ് അകമ്പടി നല്‍കും. പൊതു-സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.