തിരുവനന്തപുരം: ലോകകേരളസഭയിലെ ചെലവായ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. 60 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വയ്ക്കുന്നത്. ഭക്ഷണത്തിന്റെ ബില്ല് കൊടുത്തുവെന്നേയുള്ളുവെന്നും സര്‍ക്കാരിനോട് തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റാവിസ് ഗ്രൂപ്പ് വ്യക്തമാക്കി.
ലോകകേരള സഭയ്ക്കായി ഭക്ഷണത്തിന് വലിയ തുക ചെലവാക്കിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റാവിസ് ഗ്രൂപ്പ് രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരുരൂപ പോലും സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള പറഞ്ഞു.
സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ പണം വാങ്ങിയിട്ടില്ല. ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ല. അതിനാല്‍ പണം ഈടാക്കാന്‍ താത്പര്യവുമില്ലെന്നും റാവിസ് ഗ്രൂപ്പ് വ്യക്തമാക്കി.
ലോക കേരളസഭയില്‍ വന്‍ ധൂര്‍ത്ത് എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കണക്കുകള്‍ പുറത്ത് വന്നത്. പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും മാത്രം ചെലവ് ഒരുകോടിയോളം രൂപ ചെലവായെന്നും കോവളത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം നല്‍കിയതിന് മാത്രം 60 ലക്ഷം രൂപ ചെലവായതുമായ രേഖകള്‍ പുറത്ത് വന്നിരുന്നു.
സഭയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളായ ഭരണപക്ഷ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്കുപുറമേ 178 പ്രവാസി പ്രതിനിധികളുമാണ് ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടന്ന ലോകകേരള സഭയില്‍ പങ്കെടുത്തത്. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനായിരുന്നു ഭക്ഷണവിതരണത്തിന്റെ ചുമതല.
ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് ഡിസംബര്‍ 20ന് ചേര്‍ന്ന ഉന്നതാധികാരി സമിതി വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയാണ് 59, 82, 600 എന്ന് നിജപ്പെടുത്തിയത്.
ഗസ്റ്റ്ഹൗസിനും റസ്റ്റ്ഹൗസിനും പുറമേ നഗരത്തിലെ ഏഴു ഹോട്ടലുകളിലാണ് പ്രതിനിധികള്‍ക്ക് താമസസൗകര്യം ഒരുക്കിയത്. താമസ ബില്ലിനു മാത്രം 23, 42, 725 രൂപയാണ് ചെലവായതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.