തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അടച്ചിടേണ്ട സാഹചര്യമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഇരുപതോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അഞ്ച് പിജി ഡോക്ടര്‍മാരെ കൂടാതെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടിയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

അഞ്ച് സ്റ്റാഫ് നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 40 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആശുപത്രിയിലെ 150 ഓളം ജീവനക്കാര്‍ക്കാണ് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടിവന്നത്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Top