തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് 33 ക്യാമ്പുകള്‍ തുടങ്ങിയെന്നും, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്നും മന്ത്രി വി ശിവന്‍കുട്ടി. ഓരോ താലൂക്കിലും ഓരോ ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തി, കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
7 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി, പാറ ഖനനവും, മണ്ണെടുപ്പും നിര്‍ത്തിവച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ രാത്രി ഗതാഗതം നിരോധിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. മൂന്ന് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വ്യക്തമാക്കി. തകര്‍ന്ന റോഡുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങി.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ കനക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും മറ്റന്നാള്‍ നാലു ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.