സ്വതന്ത്ര കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് പറഞ്ഞാല്‍ എന്താണെന്നും, എന്ത് അധികാരമാണ് ഇതിനുള്ളതെന്നും വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെങ്കിലും സ്വയം മനസ്സിലാക്കുന്നത് നല്ലതാണ്. യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സകല എസ്.എഫ്.ഐ വിരുദ്ധരും ചേര്‍ന്നുണ്ടാക്കിയ ഒരു സമിതിയാണ് സ്വതന്ത്ര കമ്മീഷന് രൂപം നല്‍കിയിരുന്നത്. റിട്ടയര്‍ ചെയ്ത ജഡ്ജിമാരെ കിട്ടാന്‍ ബുദ്ധിമുട്ടില്ലാത്തതിനാല്‍ കമ്മീഷന്‍ രൂപീകരണവും പെട്ടന്നായി.
ചാനല്‍ ചര്‍ച്ചകളില്‍ ഏറ്റവും കടുത്ത ഭാഷയില്‍ എസ്.എഫ്.ഐ വധം നടത്താന്‍ ശ്രമിക്കുന്നവരാണ് സ്വതന്ത്ര കമ്മീഷന്‍ രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നത്. അതു കൊണ്ട് തന്നെ സ്വതന്ത്ര കമ്മീഷന്റെ കണ്ടെത്തലുകള്‍ ചോദ്യം ചെയ്യപ്പെടുക സ്വാഭാവികം തന്നെയാണ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിന് പുറമെ ഗവ. ആര്‍ട്‌സ് കോളെജ്, എറണാകുളം മഹാരാജാസ് കോളെജ്, കോഴിക്കോട് മടപ്പള്ളി കോളെജ് എന്നിവടങ്ങളില്‍ ഇടിമുറികളുണ്ടെന്നാണ് സ്വതന്ത്ര കമ്മീഷന്റെ കണ്ടെത്തല്‍. ഇതൊരു വിചിത്രമായ കണ്ടെത്തലാണ്. ഈ പറയുന്ന കോളജുകള്‍ എല്ലാം എസ്.എഫ്.ഐ യുടെ ശക്തി കേന്ദ്രങ്ങളാണ്. എ.ബി.വി.പി കുത്തകയാക്കി വച്ചിരിക്കുന്ന തിരുവനന്തപുരം എം.ജി കോളെജാണ് മാതൃകാ കാമ്പസ് എന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ എല്ലാം പൂര്‍ണ്ണമാകുമായിരുന്നു.
അസംഘടിതരായ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ക്ക് കോളെജ് യൂണിയന്‍ വില നല്‍കുന്നില്ലെന്നും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചുകൊണ്ടാണ് കലാലയങ്ങള്‍ കലാപഭൂമികളാകുന്നതെന്നുമാണ് കമ്മീഷന്റെ മറ്റൊരു കണ്ടെത്തല്‍.
എസ്.എഫ്.ഐ കൈയടക്കി വച്ചിരിക്കുന്ന പല കോളെജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ നല്‍കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും ഈ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇവര്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാറില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തിരുവനന്തപുരത്ത് തന്നെ എബിവിപി ഭരിക്കുന്ന ചില കാമ്പസുകളെ ഒഴിവാക്കിയാണ് ഈ ആക്ഷേപമെന്നതും ഓര്‍ക്കണം. എബിവിപിക്കാര്‍ ഒരു പെണ്‍കുട്ടിയുടെ തല അടിച്ച് പൊട്ടിച്ചതും ക്രിമിനലുകളുടെ സഹായത്താല്‍ കെ.എസ്.യുക്കാര്‍ തിരുവനന്തപുരം ലോ കോളെജില്‍ നടത്തിയ ആക്രമണവുമെല്ലാം കമ്മീഷന്‍ കണ്ടഭാവംപോലും നടിച്ചിട്ടില്ല. എസ്.എഫ്.ഐക്ക് എതിരായ ആരോപണങ്ങള്‍ മാത്രമാണ് ഇവിടെ പരിഗണനാവിഷയമായെടുത്തിരിക്കുന്നത്.
കാമ്പസുകളില്‍ പാറുന്ന കൊടിയുടെ നിറം നോക്കി ഏത് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയാലും ഏത് ഗവര്‍ണര്‍ക്ക് നല്‍കിയാലും അതിന് കടലാസിന്റെ വില പോലും ലഭിക്കുകയില്ല. എസ്.എഫ്.ഐ തകര്‍ച്ച ആഗ്രഹിക്കുന്ന മാധ്യമങ്ങള്‍ക്കാണ് ഈ റിപ്പോര്‍ട്ടും ഇപ്പോള്‍ ഒരു ആയുധമായിരിക്കുന്നത്. അവര്‍ അത് ശരിക്കും ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. സ്വതന്ത്ര കമ്മീഷന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ആത്യന്തികമായ ലക്ഷ്യവും ഇതു തന്നെയാണ്.
കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ക്ക് കീഴിലെ കോളെജുകളിലെ തെരഞ്ഞെടുപ്പ് അഞ്ചാം തിയ്യതിയാണ് നടക്കാന്‍ പോകുന്നത്. കേരള സര്‍വ്വകലാശാലക്ക് കീഴിലാകട്ടെ 27 നുമാണ് തെരഞ്ഞെടുപ്പ്. ഇതിന് തൊട്ട് മുന്‍പ് ഇത്തരമൊരു റിപ്പോര്‍ട്ട് തട്ടി കൂട്ടി ഉണ്ടാക്കി പ്രസിദ്ധീകരണത്തിന് നല്‍കിയതിന് പിന്നിലെ ഉദ്ദേശം വ്യക്തമാണ്. എസ്.എഫ്.ഐക്കെതിരെ വിദ്യാര്‍ത്ഥികളില്‍ വികാരമുണ്ടാക്കുന്നതിനു വേണ്ടിയാണ് ഈ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
റിട്ട.ജഡ്ജി അദ്ധ്യക്ഷനായ സ്വതന്ത്ര കമ്മീഷനെന്ന് പറഞ്ഞാല്‍ അതൊരു ആധികാരിക കമ്മീഷനാണ് എന്ന തരത്തിലാണ് മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ ചിത്രീകരിച്ചിരിക്കുന്നത്. കാമ്പസുകളില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ഇത്തരത്തിലാണിപ്പോള്‍ പ്രചരണം നടത്തി കൊണ്ടിരിക്കുന്നത്. കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ഉണ്ടാക്കിയ അജണ്ടയാണ് ഇവിടെ മറനീക്കി പുറത്ത് വരുന്നത്. ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സ് വരെ ചര്‍ച്ച ചെയ്യുന്ന കാമ്പസുകളില്‍ ഇത്തരം പ്രചരണങ്ങളൊന്നും വിലപ്പോവില്ലന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.
യൂണിവേഴ്‌സിറ്റി കോളെജിലെ സംഘര്‍ഷം മുന്‍ നിര്‍ത്തി മാധ്യമങ്ങള്‍ ഒന്നാകെ കൊത്തി പറിച്ചിട്ടും എസ്.എഫ്.ഐയുടെ ഒരു തൂവല്‍ പോലും പൊഴിഞ്ഞിട്ടില്ല. മറിച്ച് ആ ചിറകുകള്‍ക്ക് കൂടുതല്‍ കരുത്താണ് ലഭിച്ചിരിക്കുന്നത്. എം.ജി സര്‍വ്വകലാശാലക്ക് കീഴിലെ കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പ് തന്നെ ഇതിന് ഉദാഹരണമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് പോലും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പൂര്‍ണ്ണമായും തകര്‍ന്നടിയുകയാണുണ്ടായത്.
സ്വതന്ത്ര കമ്മീഷന്റെ കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍ ഇവിടെ തകര്‍ന്നടിയേണ്ടത് എസ്.എഫ്.ഐ ആയിരുന്നു. കേരളത്തിലെ മറ്റൊരു സംഘടനയെയും ഇത്രയും ശക്തമായി മാധ്യമങ്ങളും വേട്ടയാടിയിട്ടില്ല. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐക്ക് ഒപ്പം നിന്നുവെങ്കില്‍ തെറ്റ് നിങ്ങള്‍ക്കാണ് പറ്റിയതെന്നത് ഓര്‍ക്കുക.
കമ്മീഷന് മുന്നില്‍ നിലപാട് പറയുന്നവരുടെ രാഷ്ട്രീയവും താല്‍പ്പര്യവും റിട്ട. ജഡ്ജി പരിശോധിച്ചിരുന്നു എങ്കില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തന്നെ ഉണ്ടാവുമായിരുന്നില്ല. റിട്ട. ജഡ്ജിയുടെ താല്‍പ്പര്യം എന്തായാലും ഇവിടെ പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിനെല്ലാം ഉള്ള മറുപടി വരുന്ന കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികളാണ് നല്‍കേണ്ടത്.
ഏകാധിപത്യമാണ് യൂണിവേഴ്‌സിറ്റി കോളെജില്‍ എന്ന് പറയുന്നവരുടെ ശിഷ്യന്‍മാര്‍ ഇത്തവണ ആ കോളെജില്‍ മത്സരിക്കുന്നുണ്ട്. ഒരു സീറ്റിലെങ്കിലും അവര്‍ വിജയിച്ച് കാണിക്കണം. അപ്പോഴെ പറയുന്നതില്‍ അല്പമെങ്കിലും കാര്യമുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയൂ. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും അനുകൂലമാക്കി വോട്ട് ചെയ്യിക്കാന്‍ ഇത് നഴ്‌സറി ക്ലാസ്സിലെ കൈ ഉയര്‍ത്തലല്ല. രഹസ്യ ബാലറ്റ് തന്നെയാണ്. അവിടെ ഭീഷണിയൊന്നും വിലപ്പോകില്ല. അത്തരം മണ്ടന്‍ തീരുമാനം തലക്ക് വെളിവുള്ള ഒരു സംഘടനയും ചെയ്യുകയുമില്ല. സ്വതന്ത്ര കമ്മീഷന്‍ തട്ടിക്കൂട്ടി റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത് പോലെയല്ല യൂണിയന്‍ തെരഞ്ഞെടുപ്പ്. വിദ്യാര്‍ത്ഥികളുടെ മനസ്സാണ് അവിടെ പ്രതിഫലിക്കുക.
എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയിലെ ചിലര്‍ ചെയ്ത തെറ്റിന് ആ സംഘടന മൊത്തം കുഴപ്പക്കാരാണ് എന്ന് പറയുന്നതിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ല. തെറ്റ് ചെയ്തവരെ ആ സംഘടന പുറത്താക്കി കഴിഞ്ഞു.പൊതു സമൂഹത്തോടും വിദ്യാര്‍ത്ഥികളോടും മാപ്പും പറഞ്ഞു. അതിനപ്പുറം ആ സംഘടന ഇനി എന്താണ് ചെയ്യേണ്ടത് ?
യൂണിവേഴ്‌സിറ്റി കോളെജ് വിഷയത്തെ കേരളത്തിലെ മൊത്തം കാമ്പസുകളിലെ വിഷയമാക്കി ചിത്രീകരിച്ചവര്‍ക്ക് എസ്.എഫ്.ഐയെ വരുന്ന തെരഞ്ഞെടുപ്പിലും പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലങ്കില്‍ അത് വലിയ തിരിച്ചടിയാകും. പിന്നെ സ്വതന്ത്ര കമ്മീഷന്‍ എന്നൊക്കെ പറഞ്ഞ് രംഗത്ത് വന്നിട്ട് ഒരു കാര്യവും ഉണ്ടാകില്ല.
Political Reporter