തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് തിങ്കളാഴ്ച അവധി. കോളജിലെ വിദ്യാര്‍ഥിയെ എസ്എഫ്ഐ നേതാവ് കുത്തിയതിനെ തുടര്‍ന്ന് ഉടലെടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അവധി.
വെള്ളിയാഴ്ച രാവിലെയാണ് കോളജിലെ എസ്എഫ്ഐ നേതാക്കള്‍ ചേര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിയ വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അഖില്‍ ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികളിലൊരാളെ എസ്എഫ്ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മര്‍ദ്ദനത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ അഖില്‍ ആശുപത്രില്‍ സുഖം പ്രാപിച്ചു വരികയാണ്.