ഡിജിപിക്ക് സ്വകാര്യ പെയിന്റ് കമ്പനിയുമായി എന്ത് ബന്ധമെന്ന് വിജിലന്‍സ് കോടതി

loknath-behra

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടി വിവാദവുമായി ബന്ധപ്പെട്ട ഉത്തരവില്‍ വിജിലന്‍സ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റയ്ക്ക് തിരിച്ചടി. ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക കമ്പനിയുടെ ഉല്‍പന്നം ഉപയോഗിച്ചു പെയിന്റിങ് നടത്തണമെന്ന വിവാദ ഉത്തരവിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ജി. ഗിരീഷ്ബാബുവാണു പരാതിക്കാരന്‍.

ഹര്‍ജിയില്‍ ഈ മാസം 20 ന് വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ക്രമസമാധാന ചുമതലയുള്ള ഡിജിപിക്ക് സ്വകാര്യ പെയിന്റ് കമ്പനിയുമായി എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. ലോക്‌നാഥ് ബെഹ്‌റ ചെയ്തത് തെറ്റല്ലേയെന്നും കോടതി ആരാഞ്ഞു.

പൊലീസ് സ്റ്റേഷനുകളില്‍ ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റ് അടിക്കണമെന്നാണ് വിവാദമായ ഉത്തരവില്‍ പറയുന്നത്. ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവി ആയിരിക്കെയാണ് ഉത്തരവിറക്കിയത്. ഏപ്രില്‍ 28 നാണ് വിവാദമായ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിഐ, ഡിവൈഎസ്പി ഓഫീസുകല്‍ും ഒരേ കമ്പനിയുടെ ഒരേ കളര്‍ പെയിന്റ് അടിക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇതുപ്രകാരം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ അടക്കം ഇത് നടപ്പിലാക്കുകയും ചെയ്തു.

അതേസമയം, ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് തന്നെ വാങ്ങണമെന്ന് തന്റെ ഉത്തരവില്‍ പറയുന്നില്ലെന്നുമാണ് വിജിലന്‍സ് ഡയറക്ടറായ ബെഹ്‌റയുടെ വിശദീകരണം. ടിപി സെന്‍കുമാര്‍ പൊലീസ് മേധാവിയായി പുനര്‍നിയമിതനായതോടെ വിവാദമായ ഉത്തരവില്‍ അന്വേഷണം പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സെന്‍കുമാര്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.

Top