തിരുവനന്തപുരം: കോളേജ് യൂണിയന്‍ ചെയര്‍മാന്മാരെ ലണ്ടനിലേക്ക് അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഈ തീരുമാനം ധൂര്‍ത്താണെന്നും ഇത് ഒഴിവാക്കണമെന്നും ചെന്നിത്തല പറഞ്ഞു. മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും വ്യക്തമാക്കി ഈ മാസം 13ന് യുഡിഎഫ് ധവളപത്രം പുറത്തിറക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് മുടങ്ങികിടക്കുന്ന സാഹചര്യത്തിലാണ് യൂണിയന്‍ നേതാക്കളെ വിദേശത്തേക്ക് അയക്കുന്നത്. മന്ത്രിമാരുടെ വിദേശയാത്ര വിവാദത്തിനിടെയാണ് കോടികള്‍ മുടക്കി കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേയ്ക്കയക്കുന്നത്.
സംസ്ഥാനത്ത് കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേക്ക് പരിശീലനത്തിന് അയക്കുന്നത് ഇതാദ്യമായാണ്. കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ പരിശീലനത്തിനായി ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ചെയര്‍മാന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഉത്തരവിറക്കി. പാസ്പോര്‍ട്ട് വിവരം അടക്കം നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്ലെയര്‍ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇന്‍ഡെക്ഷന്‍ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര.
നിലവില്‍ സര്‍ക്കാര്‍ കോളേജ് ചെയര്‍മാന്‍മാരില്‍ ബഹുഭൂരിപക്ഷവും എസ്എഫ്ഐ നേതാക്കള്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ചുരുക്കി പറഞ്ഞാല്‍ എസ്ഫ്ഐ നേതാക്കള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഒരു ലണ്ടന്‍യാത്ര.