തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.
എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളും സര്‍വ്വകലാശാല അടക്കമുള്ള പരീക്ഷകളുമാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
പരീക്ഷകൾ മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും പരീക്ഷകൾ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുൻ നിലപാട് തിരുത്തിയത്.
സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ മാറ്റിയിട്ടും പരീക്ഷകൾ മാറ്റാത്ത സർക്കാർ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു. സർവകലാശാല പരീക്ഷകൾ മാറ്റണമെന്ന യുജിസി നിർദേശവും സർക്കാർ ഇന്നലെ തള്ളിയിരുന്നു.
അതേസമയം,ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിരുന്നു. തിയറി, പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം.
ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവന്‍ ഡോക്ടര്‍മാരെയും പിജി വിദ്യാര്‍ഥികളെയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
സി.ബി.എസ്.ഇ.യുടെ 10, 12 ക്ലാസ് പരീക്ഷ, യു.ജി.സി., എ.ഐ.സി.ടി.ഇ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.