സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു: ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഓരോ ദിവസം ചെല്ലുന്തോറും കൊറോണ രോഗികളുടെ എണ്ണം കൂടി വരുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. ഇന്ന് സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. എന്നാല്‍ രണ്ടു പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ് .

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വിലാണ്.എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, പത്തനംതിട്ട ജില്ലയില്‍ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ 202 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിലവില്‍ 181 പേരാണ് ചികിത്സയിലുള്ളത്. ഇതിനോടകം 201 ലോക രാജ്യങ്ങളിലാണ് കൊറോണ പടര്‍ന്നു പിടിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Top