കൊറോണ ഭീതി; റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുറവ്. സ്റ്റേഷനുകളില്‍ ആവശ്യത്തിന് മുന്‍കരുതല്‍ നടപടികളില്ലാത്തതാണ്‌ യാത്രക്കാരെ തീവണ്ടി യാത്രകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രെയിനുകളിലൊന്നായ ജനശതാബ്ദി എക്‌സ്പ്രസില്‍ പോലും ഇപ്പോള്‍ മിക്ക സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. അതുപോലെ തന്നെ ഏവുമധികം യാത്രക്കാരുള്ള മാവേലി എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, ചെന്നൈ മെയില്‍ എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്ന ട്രെയിനുകളില്‍ മാത്രമാണ് ഇപ്പോഴും തിരക്കുള്ളത്.

ബുക്കിങ്ങിനെക്കാളേറെ ക്യാന്‍സലേഷനുകളെത്തുന്ന സാഹചര്യമായതിനാല്‍ റെയില്‍വേയ്ക്ക് വലിയ വരുമാനനഷ്ടമാണ് ഇതിലൂടെ ഉണ്ടാവുന്നത്.

പകര്‍ച്ചവ്യാധി തടയുന്നതിനായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കനത്ത നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അത് പലമേഖലകളിലും പാലിക്കപ്പെടുന്നില്ല.

ടിടിആര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ പൂര്‍ണ്ണതോതില്‍ അത് പ്രാവര്‍ത്തികമായിട്ടുമില്ല.

Top