ജനതാ കര്‍ഫ്യൂ; സംസ്ഥാനത്ത് ഞായറാഴ്ച്ച സ്വകാര്യബസുകള്‍ നിരത്തിലിറങ്ങില്ല

തിരുവനന്തപുരം: കൊറോണ വൈറസ് തടയാന്‍ പ്രധാനമന്ത്രി ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല.

ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് അറിയിച്ചത്‌.

ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് പമ്പുടമകളും വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പമ്പുകള്‍ തുറക്കില്ലെന്നാണ് പമ്പുടമകളുടെ സംഘടന അറിയിച്ചിട്ടുള്ളത്.

മൂന്ന് ഓയില്‍ കമ്പനികളുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 155 പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22ന് ഞായറാഴ്ചയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Top