പൊലീസിന്റെ പുതിയ ഭക്ഷണക്രമത്തില്‍ നിന്ന് ബീഫ് ഒഴിവാക്കി

തിരുവനന്തപുരം: പൊലീസിന്റെ പുതിയ ഭക്ഷണക്രമത്തില്‍ നിന്ന് ബീഫ് ഒഴിവാക്കി. വിവിധ ക്യാംപുകള്‍ക്ക് നല്‍കാനായി തയ്യാറാക്കിയ മെനുവിലാണ് ബീഫിനെ ഒഴിവാക്കിയത്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും
പൊലീസ് നിരോധനമല്ലെന്നും ബറ്റാലിയന്റെ ചുമതലയുള്ളവര്‍ വിശദീകരിച്ചു.

വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ക്യാംപുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ തയ്യാറാക്കിയ ഭക്ഷണക്രമത്തില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്.

നിലവില്‍ പുഴുങ്ങിയ മുട്ടയും, മുട്ടക്കറിയും ചിക്കന്‍ കറിയും തുടങ്ങി കഞ്ഞിയും സാമ്പാറും അവിയലുമാണ് ഭക്ഷണക്രമത്തിലുള്ളത്. എന്നാല്‍ ഏതെങ്കിലും ക്യാംപുകളില്‍ ബീഫ് കഴിക്കണമെങ്കില്‍ അവിടത്തെ ഭക്ഷണകമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ രാജ്യത്തെ ബീഫ് നിരോധനം വിവാദമായ സമയത്ത് തൃശൂര്‍ പൊലീസ് അക്കാഡമിയിലെ കാന്റീനില്‍ ബീഫ് നിരോധിച്ചിരുന്നു.

Top