തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബില്ലും,സെമിത്തേരി ബില്ലും നിയമസഭ പാസാക്കി. 31 നെതിരെ 73 വോട്ടുകള്‍ക്കാണ് കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ല് പാസാക്കിയത്. നിയമം കേന്ദ്ര നിയമത്തിന് എതിരല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പെന്നും വാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി കെസി മൊയ്തീന്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബില്‍ പാസായതിന് പിന്നാലെ വാര്‍ഡ് വിഭജനത്തിന്റെ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭകള്‍ക്കിടയിലെ തര്‍ക്കത്തെ തുടര്‍ന്ന് ശവസംസ്‌കാരം നടക്കാതിരിക്കുന്ന പശ്ചാത്തലത്തിലാണ് ശവമടക്കലിന് അവകാശം നല്‍കുന്ന സെമിത്തേരി ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. നിയമം മറ്റ് സഭകളെ കൂടി ബാധിക്കുമോ എന്ന പ്രതിപക്ഷത്തിന്റെ ആശങ്കയെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭകള്‍ക്ക് വേണ്ടി മാത്രമായി ബില്‍ പരിമിതപ്പെടുത്തുകയായിരുന്നു.