തിരുവനന്തപുരം: കേരളത്തിലെ രൂക്ഷമായ പാല്‍ ക്ഷാമത്തെ തുടര്‍ന്ന് നാളെ മുതല്‍ തമിഴ്‌നാട് പാല്‍. തമിഴ്‌നാട്ടില്‍ നിന്നു ദിവസം ഒന്നര ലക്ഷം ലീറ്റര്‍ പാലാണ് തമിഴ്‌നാട് കോഓപ്പറേറ്റിവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ കേരളത്തിലെത്തിക്കുന്നത്.
ലീറ്ററിനു 40 രൂപ നിരക്കിലാണു പാല്‍ വാങ്ങുന്നത്. ഇതു സംസ്‌കരിച്ചു വിപണിയില്‍ എത്തിക്കുമ്പോള്‍ മില്‍മയ്ക്ക് ഒരു രൂപ അധിക ചെലവാണുണ്ടാകുന്നത്. അടുത്തിടെ പാല്‍ വില കൂട്ടിയതിനാല്‍ വില കൂട്ടാന്‍ മില്‍മയ്ക്കു സാധിക്കില്ല.
നിലവില്‍ കര്‍ണാടക മില്‍ക് ഫെഡറേഷനില്‍ നിന്നു ദിനംപ്രതി 95,000 ലീറ്റര്‍ പാല്‍ വാങ്ങുന്നുണ്ട്. 2008, 2011 വര്‍ഷങ്ങളിലും ഇതുപോലെ പാല്‍ക്ഷാമം നേരിട്ടപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നാണ് പാല്‍ എത്തിച്ചത്.
കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണു പാല്‍ ക്ഷാമത്തിന്റെ ഒരു കാരണമെന്നു ക്ഷീര വികസന വകുപ്പു ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ പറഞ്ഞു. ഡിസംബര്‍ മുതലുള്ള അതികഠിനമായ ചൂട് പശുക്കളെ തളര്‍ത്തിയതു പുല്ലുമേടുകള്‍ ഉണങ്ങിയതും കാലിത്തീറ്റയ്ക്കും വൈക്കോലിനുമുണ്ടായ വില വര്‍ധനയും പാല്‍ ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചതായി ക്ഷീര വികസന വകുപ്പ് അറിയിച്ചു.