പാലാരിവട്ടം; ടി.ഒ. സൂരജിനെയും സുമിത് ഗോയലിനെയും വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിനെയും ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയലിനെയും വിജിലന്‍സ് വീണ്ടും ചോദ്യംചെയ്യും. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയുമായി ഒത്തുനോക്കുന്നതിനാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുന്നത്. ഇരുവരും നേരത്തെ മുന്‍മന്ത്രിക്കെതിരെ മൊഴി നല്‍കിയിരുന്നു.

ഇരുവരെയും ചോദ്യം ചെയ്തശേഷമാകും ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യുക. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിനുശേഷമുള്ള ചോദ്യം ചെയ്യലാണിത്.

വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇബ്രാഹിംകുഞ്ഞില്‍ നിന്നു ചോദിച്ചറിയും. ഈ കേസില്‍ ഇബ്രാഹിംകുഞ്ഞിനെ ഒരു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് പാലം നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്ത കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നല്‍കിയതിന്റെ രേഖകള്‍ വിജിലന്‍സിന് ലഭിച്ചത്.

കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്കു ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണം. കരാര്‍ കമ്പനിക്കു മുന്‍കൂറായി 8.25 കോടി രൂപ കിട്ടിയതു മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതോടെയാണെന്നാണു വിജലന്‍സ് നിഗമനം. പലിശ ഇളവ് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടുവെന്ന് അറസ്റ്റിലായ മുന്‍ പൊതുമാരമത്ത് സെക്രട്ടറി ടി ഒ സുരജിന്റെ മൊഴിയും ഇബ്രാഹിംകുഞ്ഞിനെ വെട്ടിലാക്കി. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നേരത്തെ തന്നെ സെക്രട്ടറിയേറ്റില്‍നിന്നു വിജിലന്‍സ് ശേഖരിച്ചിരുന്നു. ഇതുവരെ പ്രതിപട്ടികയിലുള്‍പ്പെടാത്ത ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ത്തേക്കും.

Top