തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഡിജിപിയെ മാറ്റണമെന്ന പ്രതിപക്ഷ നേതാവിന്റെ കത്ത് തനിക്ക് കൈയില്‍ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ നടപടിക്രമങ്ങളുണ്ടെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അതിനെക്കുറിച്ച് നിയമസഭയില്‍ പ്രതികരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ലണ്ടനിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയും പുറത്തു വന്നു. സുരക്ഷ സെമിനാറില്‍ പങ്കെടുക്കാനാണ് യാത്ര. ലോക്‌നാഥ് ബെഹ്‌റ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ധനമന്ത്രി ടി.എം. തോമസ് ഐസക് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിലാണ് സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഗുരുതരമായ പരമാര്‍ശങ്ങള്‍ ഉള്ളത്. 2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി. സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്.
2017 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതി നല്‍കി. ബന്ധപ്പെട്ട സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പുകളും ഒപ്പം തന്നെ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങള്‍ വാങ്ങാന്‍ എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ എന്ന വ്യവസ്ഥ പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.