തിരുവനന്തപുരം: വ്യാജക്കള്ള് കേസിലെ പ്രതിയെ രക്ഷിക്കാന്‍ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ വിജിലന്‍സ് പരിശോധന തുടങ്ങി. ഹൈക്കോടതി നിര്‍ദേശ പ്രകാരം നടക്കുന്ന അന്വേഷണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ റദ്ദാക്കിയ 300 കേസുകളുടെ രേഖകള്‍ പരിശോധിക്കും. ഇതിനായി ഹൈക്കോടതിയിലുള്ള രേഖകളുടെ വിശകലനം ആരംഭിച്ചു.
തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലെ സയന്റിഫിക് അനലിസ്റ്റ് ടി ജയപ്രകാശ് തയ്യാറാക്കിയ രേഖകളെല്ലാം പ്രത്യേകമായി വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
വ്യാജരേഖ ചമച്ചതിന് ടി ജയപ്രകാശ്, യുഡി ക്ലാര്‍ക്ക് മന്‍സൂര്‍ ഷാ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി വിജിലന്‍സ് കേസ് എടുത്തിട്ടുണ്ട്.
2017ല്‍ കടുത്തുരുത്തി പൊലീസ് പിടികൂടിയ വ്യാജക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാന്‍ രാസപരിശോധനാ ഫലം തിരുത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കടുത്തുരുത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത ശേഷം അവസാനിപ്പിക്കാന്‍ തയാറെടുക്കുകയായിരുന്ന വ്യാജക്കള്ള് കേസിനാണ് ഇടയ്ക്കു വച്ച് വഴിത്തിരിവുണ്ടായിരിക്കുന്നത്. റിപ്പോര്‍ട്ട് വ്യാജമാണെന്ന് ഫോറന്‍സിക് ലാബിലെ ആഭ്യന്തര പരിശോധനയിലും കണ്ടെത്തി.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ക്കായി കള്ളിന്റെ സാംപിള്‍ തലസ്ഥാനത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. ഈ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ കള്ളില്‍ മാരകമായ രാസവസ്തുക്കളുണ്ട് എന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് ലാബില്‍നിന്ന് പരിശോധനയുടെ യഥാര്‍ഥ ഫലം എക്സൈസ് വകുപ്പിലേക്ക് അയക്കുകയായിരുന്നു.