തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഇബ്രാഹിംകുഞ്ഞിന് അന്വേഷണ സംഘം ഉടന്‍ നോട്ടീസ് നല്‍കും.
നിയമസഭയുടെ ബജറ്റ് സമ്മേളനം കഴിഞ്ഞാലുടന്‍ മുന്‍മന്ത്രിയെ ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ നീക്കം. ചോദ്യം ചെയ്യല്‍ നടപടികള്‍ക്കായുള്ള ചോദ്യാവലി തയ്യാറാക്കല്‍ അടക്കമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും വിജിലന്‍സ് സംഘം അറിയിച്ചു.
ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് വിജിലന്‍സ് നടപടി. പാലാരിവട്ടം കേസില്‍ നാലുപേരുടെ അറസ്റ്റ് നടന്നിരുന്നു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാകും ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുക
പാലം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ ഇബ്രാഹിംകുഞ്ഞില്‍ നിന്നും വിജിലന്‍സ് വിവരങ്ങള്‍ തേടിയിരുന്നു. അന്വേഷണം പുരോഗമിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം.