സാമ്പത്തിക ക്രമക്കേട്; ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിഎജി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. പൊലീസ് ക്വോര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിനുള്ള 2.81 കോടി രൂപ എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ വകമാറ്റിയെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

കംപ്‌ട്രോളള്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിനുപകരം ടെന്‍ഡറില്ലാതെ ആഡംബരവാഹനങ്ങള്‍ വാങ്ങിയെന്നും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗരേഖയും നടപടിക്രമങ്ങളും പാലിച്ചില്ലെന്നും സിഎജി കണ്ടെത്തി.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും അഞ്ച് ജില്ലകളില്‍ 1588 ഹെക്ടര്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം നേരിട്ടതായി റവന്യൂവകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

മാത്രമല്ല വെടിക്കോപ്പുകളിലും വന്‍ കുറവും കണ്ടെത്തി. 12061 വെടിയുണ്ടകള്‍ കാണാനില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം എസ്പിയില്‍ നിന്ന് 25 റൈഫിളുകള്‍ കാണാനില്ലെന്നും പകരം വ്യാജ വെടിയുണ്ടകള്‍ വെച്ചുവെന്നും സംഭവം മറച്ചു വെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്നും സിഎജി ചൂണ്ടിക്കാട്ടി. എല്ലാ പൊലീസ് സ്റ്റേഷനുകളിലേയും ആയുധ ശേഖരം പരിശോധിക്കണമെന്നും സിഎജി നിയമസഭയില്‍ വ്യക്തമാക്കി.

Top