പാല്‍ വില കൂട്ടാനൊരുങ്ങി മില്‍മ; സര്‍ക്കാരിന് എതിര്‍പ്പ് ,നിര്‍ണായകയോഗം ഇന്ന്

തിരുവനന്തപുരം: പാലിന്റെ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ. ലിറ്ററിന് ആറുരൂപവരെ വര്‍ധിപ്പിക്കണമെന്ന് മേഖല യൂണിയനുകള്‍ മില്‍മയ്ക്ക് ശുപാര്‍ശ നല്‍കി. വിലവര്‍ധനയെ സംബന്ധിച്ചുള്ള നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എന്നാല്‍ വില വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

ഓണത്തിന് മുമ്പ് ലിറ്ററിന് നാലു രൂപ വര്‍ധിപ്പിച്ച മില്‍മ വീണ്ടും വില കൂട്ടാന്‍ തീരുമാനിക്കുകയാണ്. കാലിത്തീറ്റയുടെ വില വര്‍ധനവ്, വേനല്‍ക്കാലത്ത് പാലിന് ക്ഷാമം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ഇക്കാര്യങ്ങളാണ് വില വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

വില കൂട്ടിയില്ലെങ്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് മില്‍മയുടെ നിലപാട്. എന്നാല്‍ വിലകൂട്ടുന്ന കാര്യം മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ശുപാര്‍ശ വന്നാലും അതിന് അനുമതി കൊടുക്കുന്ന കാര്യം സംശയമാണെന്ന് മന്ത്രി കെ രാജു പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം രണ്ടു തവണ വില കൂട്ടിയതിനാല്‍ ഒരു തവണ കൂടി കൂട്ടുന്നത് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പക്ഷെ വില കൂട്ടണമെന്ന കാര്യത്തില്‍ മില്‍മ ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്.

Top