തിരുവനന്തപുരം: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിലക്ക് ഏര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാരിന്റെ നടപടി ഗുരുതരമായ നീതി നിഷേധമെന്നും അവരുടെ ഫാസിസ്റ്റ് മുഖമാണ് വെളിപ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മാത്രമല്ല സര്‍ക്കാരുകള്‍ പറയുന്നതനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ചാണ് എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി 7.30 ഓടെ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് പിന്‍വലിച്ചത്.