തിരുവനന്തപുരം: കൊറോണ വൈറസ് റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശശി തരൂരിന്റെ എംപി ഫണ്ടില്‍ നിന്നും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു കോടി രൂപ. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
കൊറോണയുടെ സമൂഹവ്യാപനം നിരീക്ഷിക്കാനും തടയാനും റാപ്പിഡ് ടെസ്റ്റിംഗ് നടത്തുക മാത്രമാണ് എളുപ്പവഴി. നിലവില്‍ പരിമിതമായ സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ വരെ സമയമെടുത്താണ് കൊറോണയുടെ ടെസ്റ്റ് നടത്തുന്നത്.
ലോകത്ത് ചില സ്ഥാപനങ്ങളും ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്പനിയും 15 മിനുട്ടില്‍ ഫലം ലഭ്യമാക്കുന്ന കിറ്റുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും കടുത്ത ലഭ്യതകുറവും വളരെ ഉയര്‍ന്ന വിലയുമാണ്. അതിനാല്‍ ഇവ വാങ്ങുന്നതിന് സാധാരണക്കാര്‍ക്ക് തടസമായിരിക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പുതിയ തീരുമാനം.
ഈ സാഹചര്യത്തിലാണ് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ധ സംഘം ഏപ്രില്‍ ആദ്യ വാരത്തോടെ റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ ലഭ്യമാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.
ഈ റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ 15 മിനുറ്റുകള്‍ക്കകം റിസള്‍ട്ട് തരുകയും ഒരു വ്യക്തിക്ക് 200 രൂപ മാത്രം ചെലവ് വരുന്നതുമാണ്.
ഇതോടൊപ്പം ഉടനടിയുള്ള ആവശ്യങ്ങള്‍ക്കായി പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൈ ലാബ് ഡിസ്‌കവറി ആന്റ് സൊല്യൂഷന്‍സില്‍ നിന്നും 3000 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതിനായി ഒരാള്‍ക്ക് 1900 രൂപ നിരക്കില്‍ 57 ലക്ഷം രൂപയും എംപി ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.