ജി.എസ്.ടി വര്‍ധന; ലോട്ടറി ടിക്കറ്റുകളുടെ വില വര്‍ധിപ്പിക്കേണ്ടി വരും: തോമസ് ഐസക്

തിരുവനന്തപുരം: ലോട്ടറി വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ലോട്ടറി വില കൂട്ടാതെ വേറെ വഴിയില്ലെന്നും വില കൂട്ടിയില്ലെങ്കില്‍ സമ്മാനത്തുക കുറയ്‌ക്കേണ്ട സാഹചര്യം വരുമെന്നും ചെറിയ രീതിയില്‍ മാത്രമേ വില വര്‍ധിപ്പിക്കൂവെന്നും ധനമന്ത്രി പറഞ്ഞു.

വലിയ സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്താണ് ഈ ബജറ്റ് നടക്കാന്‍ പോകുന്നത്. മാത്രവുമല്ല കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട വിഹിതത്തില്‍ 15,000 കോടി രൂപ കുറവാണ് ഇക്കുറി ലഭിച്ചതും. ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും നികുതി ചോര്‍ച്ച തടയാന്‍ കാര്യക്ഷമമായ നടപടികള്‍ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല സംസ്ഥാനത്തെ വിവിധ ഡാമുകളിലെ മണല്‍ വില്‍പനയിലൂടെ നികുതിയേതര വരുമാനം കൂട്ടാന്‍ ആലോചനയുണ്ട്.

എക്‌സൈസ് വകുപ്പിന്റെ വരുമാനം കൂട്ടാന്‍ പബ്ബുകള്‍ അടക്കമുള്ളവ ആലോചിക്കാവുന്നതാണ് എന്നാല്‍ നികുതി ഇനിയും കൂട്ടുന്നതിനോട് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

Top