കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുള്‍ ഷെമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. പ്രതികള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കാനാണിരിക്കുന്നത്.

സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. അതിന് കളിയിക്കാവിള ചെക്‌പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്‌ല സ്ഥലമായിരുന്നത് കൊണ്ടെന്നും പ്രതികള്‍ മൊഴി നല്‍കി.

കൊലപാതകത്തിനായി പ്രതികള്‍ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. മുഖ്യ പ്രതികളായ അബ്ദുൾ ഷമീമും, തൗഫീഖും തീവ്ര വർഗീയ സംഘടനയിലെ അംഗങ്ങളെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. സംഘടനയുടെ ആശയം പ്രചരിപ്പിക്കാൻ നടത്തിയ അസൂത്രിത കൊലപാതകമെന്ന് ഇരുവരും സമ്മതിച്ചു.

ഐഎസില്‍ ചേര്‍ന്ന മെഹബൂബ് പാഷയാണ് ഇവര്‍ ഉള്‍പ്പെട്ട 17 അംഗ സംഘത്തിന്റെ തലവന്‍ എന്ന് കര്‍ണാടക പൊലീസ് പറയുന്നത്. നിരോധിത സംഘടനയായ സിമിയുമായും മഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്ഐആറിലുണ്ട്. അതിനാല്‍ തമിഴ്നാട് പൊലീസിന്റെ കമാന്‍ഡോകളെ അടക്കം തക്കല പൊലീസ് സ്റ്റേഷനില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുകയാണ്.

Top