കൊറോണ; സ്വയം ക്വാറന്റീന്‍ ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരന്‍

muraleedharan

തിരുവനന്തപുരം: രാജ്യം കൊറോണ ഭീതിയില്‍ ഉഴലുമ്പോള്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ ഔദ്യോഗികവസതിയിലാണ് മുരളീധരന്‍ ഇപ്പോഴുള്ളത്. അതേസമയം,മന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല.

കൊറോണ ബാധിച്ച ഡോക്ടര്‍ക്കൊപ്പം മുരളീധരന്‍ ശ്രീചിത്രയിലെ യോഗത്തില്‍ പങ്കെടുത്തിരുന്നതിനാലാണ് അദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചത്.

ഇന്നലെ മുതല്‍ അദ്ദേഹം പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്യുകയുമുണ്ടായി. ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ രോഗം സ്ഥരീകരിച്ച ഡോക്ടര്‍ക്കൊപ്പം വി.മുരളീധരനും പങ്കെടുത്തിരുന്നു.

ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടര്‍മാരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബ് അടച്ചുപൂട്ടുകയുമുണ്ടായി.

Top