ഡെറാഡൂണ്‍: ആര്‍എസ്എസ് മുന്‍ പ്രചാരക് ത്രിവേന്ദ്ര സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് റാവത്തിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ആര്‍എസ്എസ് നേതൃത്വവുമായും അമിത് ഷായുമായും ആര്‍എസ്എസ് മുന്‍ പ്രചാരകിനുള്ള അടുപ്പമാണ് മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.
നിയമസഭയിലേക്ക് ഡോയിവാല മണ്ഡലത്തില്‍ നിന്നാണ് ത്രിവേന്ദ്ര സിംഗ് റാവത്ത് തിരഞ്ഞെടുക്കപ്പെട്ടത്. 1983 മുതല്‍ 2002 വരെ ആര്‍എസ്എസില്‍ സജീവമായിരുന്നു അദ്ദേഹം.
2007-12 കാലത്ത് സംസ്ഥാന കൃഷി മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ചേരിമാറിയെത്തിയ സത്പാല്‍ മഹാരാജ്, മുതിര്‍ന്ന നേതാവ് പ്രകാശ് പന്ത് എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി പരിഗണിച്ചിരുന്നു.
മുതിര്‍ന്ന നേതാക്കളായ ഭഗത് സിങ് കോശിയാരി, രമേഷ് പൊഖ് രിയാല്‍, ബി.സി ഖണ്ഡൂരി എന്നീ മുന്‍മുഖ്യമന്ത്രിമാരുണ്ടെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഇവരെ പരിഗണിക്കാതെ ത്രിവേന്ദ്ര സിങ്ങിനെ പരിഗണിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.