തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും. ആഴക്കടല്‍ മത്സ്യബന്ധനം ഇന്ന് രാത്രി 12 മണി മുതല്‍ പുനരാരംഭിക്കും. അര്‍ധരാത്രിയോടെ 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ബോട്ടുകള്‍ വീണ്ടും കടലിലേക്ക് പോകും. വറുതിക്കാലം കഴിഞ്ഞ് വീണ്ടുമൊരു ട്രോളിംഗ് കാലം എത്തുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷയില്‍ തന്നെയാണ്.
ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമാണ് വീണ്ടും കടല്‍ കാണുക. ചാകര പ്രതീക്ഷിച്ച് പോകുന്ന ബോട്ടുകള്‍ നാളെ രാവിലെയോടെ തിരിച്ചെത്തി തുടങ്ങും. അതേസമയം യന്ത്രവല്‍കൃത യാനങ്ങള്‍ വീണ്ടും കടലിലേക്ക് പോകുമ്പോള്‍ തൊഴിലാളികള്‍ ആശങ്കയിലാണ്. ഇന്ധനവില കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ മേഖല എത്ര കാലം അതിജീവിക്കുമെന്ന് ബോട്ട് ഉടമകള്‍ ചോദിക്കുന്നു.