ടെലികോം രംഗത്തെ പരിഷ്‌കാരത്തിന് പൊതുജനാഭിപ്രായം തേടി ട്രായ്

ദില്ലി: രാജ്യത്തെ ടെലികോം രംഗത്തും കമ്പനികളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ലളിതവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പൊതുജനങ്ങളുടെ അഭിപ്രായം തേടി. ബുധനാഴ്ച ട്രായ് പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇന്‍ ടെലികോം ആന്റ് ബ്രോഡ്കാസ്റ്റിങ് സെക്ടര്‍ എന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പറിലാണ് പൊതുജനത്തിന്റെ അഭിപ്രായം തേടിയിരിക്കുന്നത്.

ഓണ്‍ലൈനായി അനുമതികള്‍ നല്‍കുന്നതിലും ഏകജാലക ക്ലിയറന്‍സ് സിസ്റ്റം കൊണ്ടുവരുന്നതിലുമെല്ലാം പൊതുജനത്തിന് അഭിപ്രായം പറയാം. കമ്പനികള്‍ക്കോ സംരംഭകര്‍ക്കോ ടെലികോം ഓഫീസുകളില്‍ നേരിട്ടെത്താതെ ഓണ്‍ലൈന്‍ വഴി അനുമതി പത്രങ്ങളും ലൈസന്‍സും നേടിയെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വഴി ലഭിക്കേണ്ട സേവനങ്ങളെ ഒരൊറ്റ കുടക്കീഴിലേക്ക് മാറ്റുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും മനസിലാക്കുകയാണ് ട്രായ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുമ്പോള്‍ ഇതിന്റെ സങ്കീര്‍ണതകള്‍ ആഴത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ടെലികോം വകുപ്പിന്റെ കണക്കുകൂട്ടല്‍.

Top