മുംബൈ: ചാനൽ റേറ്റിംഗ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖൻചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരു ദിവസം ശേഷിക്കെയാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. റിപ്പബ്ലിക് മീഡിയ നെടുറിംഗ്ന്റെ വിതരണ വിഭാഗം അസിസ്റ്റന്റ് ഘന ശ്യാം സിംഗ് 26 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞത്തിന് പിന്നാലെയാണ് വികാസിന്റെ അറസ്റ്റ്.
ചാനൽ ഉപഭോക്താക്കൾക്ക് പണം നൽകി ടി.ആർ.പി റേറ്റിങ് പെരുപ്പിച്ചു എന്ന കേസിൽ ഒക്ടോബർ ആറിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ബാരോമീറ്റർ സ്ഥാപിച്ച് റേറ്റിങ് നടത്തുന്ന ഹാൻസ് റിസർച് ഗ്രൂപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മുംബൈ നഗരത്തിൽ ടി.ആർ.പി റേറ്റിങ്ങിനായി രണ്ടായിരത്തോളം വീടുകളിലാണ് ഹാൻസ് റിസർച് ഗ്രൂപ് ബാരോമീറ്റർ സ്ഥാപിച്ചത്. വീടുകളിൽ ആളില്ലാത്തപ്പോൾപോലും പ്രത്യേക ചാനലുകൾ തുറന്നു വെക്കുന്നതിന് പ്രതിമാസം 500 രൂപ വീതം ഉപഭോക്താക്കൾക്ക് നൽകി എന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ പണം പറ്റിയ നാലു ചാനൽ ഉപഭോക്താക്കൾ കേസിൽ സാക്ഷികളാണ്. ഇവർ മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.