ട്രിപളി: വടക്കന്‍ ലിബിയയിലെ സ്ലിറ്റന്‍ നഗരത്തിലുണ്ടായ ബോംബാക്രമണത്തില്‍ മരണസംഖ്യ 65 ആയി ഉയര്‍ന്നു. 200 പേര്‍ക്ക് പരിക്കേറ്റതായി ലാനാ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവര്‍ ട്രിപളിയിലേയും മിസ്‌റാതയിലെയും ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച അല്‍ ജഹ്ഫല്‍ പൊലീസ് പരിശീലന കേന്ദ്രത്തിനു സമീപത്താണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം സമയത്ത് പരിശീലന കേന്ദ്രത്തില്‍ 400ലധികം പൊലീസുകാരുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയുടെ കാലത്ത് സൈനിക ആസ്ഥാനമായിരുന്നു ഈ പരിശീലന കേന്ദ്രം. ഖദ്ദാഫിയുടെ പതനത്തിനുശേഷം ലിബിയയില്‍ ഐ.എസിന്റെ സ്വാധീനം വര്‍ധിക്കുകയാണ്. നിലവിലുള്ള സര്‍ക്കാറിന് പിറകെ 2014 ആഗസ്റ്റില്‍ തലസ്ഥാനമായ ട്രിപളി പിടിച്ചടക്കി വിമത സൈന്യം ലിബിയയില്‍ പുതിയ സര്‍ക്കാറിന് രൂപം നല്‍കിയിരുന്നു.
രണ്ട് ഭിന്ന സര്‍ക്കാറില്‍ നിന്ന് ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാനായി യു.എന്‍ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളില്‍നിന്ന് ലിബിയന്‍ പാര്‍ലമെന്റ് പിന്‍വാങ്ങിയിരുന്നു. എന്നാല്‍, വിമത സര്‍ക്കാറിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല.