ട്രക്ക് സമരം പിൻവലിച്ചു; തീരുമാനം കേന്ദ്രവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം

ന്യൂ‍ഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ‘ഹിറ്റ് ആൻഡ് റൺ’ നിയമത്തിനെതിരായ പ്രതിഷേധം ഉടൻ പിൻവലിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായും ഓൾ ഇന്ത്യ മോട്ടർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (എഐഎംടിസി) അറിയിച്ചു. എഐഎംടിസി അംഗങ്ങളും കേന്ദ്ര സർക്കാരും തമ്മിൽ നടന്ന ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം. എഐഎംടിസിയുമായി പുതിയ നിയമത്തെക്കുറിച്ചു ചർച്ച നടന്നതായി ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു. ഈ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും എഐഎംടിസിയുമായി ചർച്ച ചെയ്തതിനുശേഷം മാത്രം നടപ്പാക്കുമെന്നും അജയ് ഭല്ല വ്യക്തമാക്കി.

‘‘ഭാരതീയ ന്യായ സൻഹിതയ്ക്കു കീഴിലുള്ള വ്യവസ്ഥകൾ ചർച്ച ചെയ്തു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു. പുതിയ നിയമങ്ങൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. എഐഎംടിസിയുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ ഇത് നടപ്പിലാക്കൂ’’ – എഐഎംടിസി കോർ കമ്മിറ്റി ചെയർമാൻ മൽകിത് സിങ് ബാൽ പറഞ്ഞു. സമരം ഉടൻ അവസാനിപ്പിക്കുമെന്നും ഡ്രൈവർമാരോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൽകിത് സിങ് ബാൽ അറിയിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് (ഐപിസി) പകരമായി കേന്ദ്രം പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിലെ വാഹനാപകടത്തെ തുടര്‍ന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട നിയമമാണ് ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിനു കാരണമായത്. ഭാരതീയ ന്യായ സംഹിതയിലെ 104-ാം വകുപ്പ് പ്രകാരം അപകടമരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം വരെ തടവും പിഴയും ലഭിക്കും. അതുപോലെ, മരണത്തിന് ഇടയാക്കുന്ന അപകടമുണ്ടായാല്‍ വിവരം ഉടന്‍ പൊലീസിനെയോ മജിസ്‌ട്രേറ്റിനെയോ അറിയിക്കാതെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടാല്‍ ഡ്രൈവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ഐപിസി 304 (എ) വകുപ്പ് പ്രകാരം മരണകാരണമാകുന്ന അപകടമുണ്ടാക്കുന്ന ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ ലഭിച്ചിരുന്നത്.

Top