ന്യൂഡല്‍ഹി: ഫോണ്‍ ഡയറക്റ്ററി- കോളര്‍ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്‍, ഉപയോക്താക്കളുടെ അനുവാദമില്ലാതെ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) അധിഷ്ഠിത സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനുള്ള അക്കൗണ്ട് തുറക്കുന്നതായി റിപ്പോര്‍ട്ട്. ഐ.സി.ഐ.സി.ഐ ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ക്കാണ് പ്രശ്‌നം നേരിട്ടിരിക്കുന്നത്. ട്രൂ കോളര്‍ അപ്‌ഡേറ്റ് ചെയ്തവര്‍ക്ക് അവരുടെ അനുവാദമില്ലാതെ തന്നെ യു.പി.ഐ അക്കൗണ്ട് എടുത്തുവെന്ന് മെസേജ് ലഭിക്കുകയായിരുന്നു.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അക്കൗണ്ട് ഉപയോഗിച്ചാണ് യു.പി.ഐയില്‍ ലോഗിന്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഐ.സി.ഐ.സി.ഐ ബാങ്കില്‍ അക്കൗണ്ടില്ലാത്ത ചിലര്‍ക്കും സമാനമായ പ്രശ്‌നം നേരിട്ടതായി ആരോപണമുണ്ട്. ഇതിനോടകം നിരവധി ഉപയോക്താക്കളാണ് ട്രൂ കോളര്‍ ആപ്പിന്റെ സുരക്ഷയില്‍ ആശങ്കയറിയിച്ച് ഗൂഗിളിനെ സമീപിച്ചിരിക്കുന്നത്. ട്രൂ കോളര്‍ ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് അടുത്തിടെ ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം, 2017ല്‍ ഐ.സി.ഐ.സി.ഐ ബാങ്കും ട്രൂ കോളറും മൊബൈല്‍ അധിഷ്ഠിത പണമിടപാടിന് ഉപകരിക്കുന്ന യുപിഐ മൊബൈല്‍ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുന്നതിന് കരാറില്‍ ഏര്‍പ്പെട്ടിരുന്നു.