വാഷിംഗ്ടൺ :പലസ്തീന് ഐക്യരാഷ്ട്ര സഭ നൽകുന്ന സഹായനിധിയിലേക്കുള്ള വിഹിതം വെട്ടിചുരുക്കുമെന്ന് അമേരിക്ക.125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 65 മില്യണ്‍ ഡോളർ നല്‍കിയാല്‍ മതിയെന്നാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
അമേരിക്ക പലസ്‌തീൻ ആവശ്യത്തിനു സാമ്പത്തിക സഹായം നല്‍കിയിട്ടും തുക സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ട്രംപ് ഉന്നയിച്ചു. ഈ കാരണത്താലാണ് അമേരിക്ക സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയത്. പുതിയ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ സഹായനിധിയെ കാര്യമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍.
എന്നാൽ സമ്പന്നരായ മറ്റു രാജ്യങ്ങൾ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഫണ്ട് നൽകണമെന്നും , അമേരിക്കയുടേത് ആരെയും ശിക്ഷിക്കാനുള്ള നടപടിയല്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹീതർ നൗവെർട്ട് അറിയിച്ചു.
ഐക്യരാഷ്ട്ര സഭയുടെ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) ഏറ്റവുമധികം സംഭാവന നൽകിയിരുന്നത് യുഎസ് ആയിരുന്നു. വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, ലെബനൻ, ജോർദാൻ, സിറിയ എന്നിവിടങ്ങളിൽ കഴിയുന്ന പലസ്തീൻകാരുടെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കുവേണ്ടിയാണ് യുഎൻആർഡബ്ല്യുഎ ഫണ്ട് ചെലവഴിക്കുന്നത്.