വാഷിംഗ്ടണ്‍: കുടിയേറ്റ സംരക്ഷണം നിര്‍ത്തലാക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഹോണ്ടുറാസില്‍ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്കുള്ള താത്കാലിക സംരക്ഷണം അവസാനിപ്പിക്കാനാണ് അമേരിക്ക തീരുമാനിച്ചത്. 2020-ഓടെ രാജ്യത്ത് താല്‍ക്കാലിക സംരക്ഷണത്തില്‍ കഴിയുന്നവര്‍ സ്വദേശത്തേക്ക് തിരിച്ചപോകേണ്ടി വരും.
2020 ജനുവരി അഞ്ചിന് ടെംപററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് (ടിപിഎസ്) അവസാനിക്കുന്നത്. 57,000 പേരാണ് കുടിയേറ്റ സംരക്ഷണത്തില്‍ യുഎസില്‍ കഴിയുന്നത്. ടിപിഎസ് അവസാനിക്കുന്നതോടെ ഇവര്‍ സ്വരാജ്യത്തേക്ക് മടങ്ങി പോകേണ്ടി വരും.
1999-ല്‍ മിച്ച് ചുഴലിക്കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ ശേഷമാണ് ഹോണ്ടുറാസിന് ടിപിഎസ് ലഭിച്ചത്. താത്കാലികമായാണ് അഭയം നല്‍കുന്നതെങ്കിലും ഇതുവരെ കാലാവധി തീരുന്നതിനു മുന്‍പ് അഭയം നീട്ടികൊടുക്കുകയായിരുന്നു. 2020-ല്‍ അഭയകാലാവധി അവസാനിക്കുന്നതോടെ കുടിയേറ്റക്കാര്‍ തിരികെ സ്വന്തം രാജ്യത്തിലേക്ക് മടങ്ങണമെന്നാണ് അമേരിക്കയുടെ നിര്‍ദേശം.
ടിപിഎസ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ അഗാധമായി ഖേദിക്കുന്നതായി ഹോണ്ടുറാസ് സര്‍ക്കാര്‍ പറഞ്ഞു. 20 വര്‍ഷത്തോളം അവരുടെ കുടുംബങ്ങള്‍ യുഎസില്‍ ജീവിച്ചു. സ്വരാജ്യത്തേക്ക് മടങ്ങിവരാന്‍ അവര്‍ തീരുമാനിച്ചാല്‍ കൈകാര്യം ചെയ്യുക എളുപ്പമല്ലെന്ന് ഹോണ്ടുറാസിന്റെ യുഎസ് സ്ഥാനപതി മര്‍ലോണ്‍ തബോര പറഞ്ഞു.
സാല്‍വഡോര്‍, ഹെയ്റ്റി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ടിപിഎസ് നിര്‍ത്താലാക്കി തിരിച്ചയിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം. നിയമ പ്രകാരം രൂപപ്പെടുത്തിയ പദ്ധതിയാണു ടിപിഎസ്. 1990 ല്‍ പാസാക്കിയ നിയമം അനുസരിച്ച് ആഭ്യന്തര കലാപം മൂലമോ പ്രകൃതി ദുരന്തം മൂലമോ കഷ്ടപ്പെടുന്നവര്‍ക്ക് അമേരിക്കയില്‍ സുരക്ഷിതവാസം നല്‍കി വരികയാണ്.