പ്രസവകാല ടൂറിസത്തിന് കൂച്ചുവിലങ്ങുമായി അമേരിക്ക; പുതിയ വീസ നയം ഉടന്‍ വരും

വാഷിംങ്ടണ്‍: വീസ തട്ടിപ്പിനായി പ്രസവ ടൂറിസം വര്‍ദ്ധിക്കുന്ന ഘട്ടത്തില്‍ നിര്‍ണായക തീരുമാനവുമായി അമേരിക്ക. അമേരിക്കയില്‍ പ്രസവിക്കുന്ന കുട്ടിക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കും എന്ന ആനുകൂല്യം മുതലാക്കാന്‍ നടത്തുന്ന ‘പ്രസവകാല ടൂറിസം’ അവസാനിപ്പിക്കാനായി പുതിയ വീസ നയമാണ് അമേരിക്ക കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് പ്രസവത്തിനാണ് അമേരിക്കയിലേക്ക് വരാന്‍ ഒരാള്‍ ഉദ്ദേശിക്കുന്നതെന്ന് അമേരിക്കന്‍ കൗണ്‍സിലേറ്റിന് തോന്നിയാല്‍ അപേക്ഷകര്‍ക്ക് സന്ദര്‍ശക വീസ നിഷേധിക്കാം എന്നാണ് പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ്‌ അമേരിക്കന്‍ സര്‍ക്കാര്‍ പുതിയ വീസ നയം പുറത്തിറക്കിയത്.

നേരത്തെ പ്രസവ ടൂറിസത്തിന്റെ ഏജന്റുമാരായ പലരെയും അറസ്റ്റ് ചെയ്ത്, ഇതില്‍ നിരവധികേസുകള്‍ നിലവിലുണ്ട്. ഈ കാരണത്താലുമാണ് നിയമം പരിഷ്‌കരിച്ചത്. ഉടന്‍ തന്നെ ഈ നിയമം നിലവില്‍ വരും.

അതേസമയം മെഡിക്കല്‍ ആവശ്യമുള്ളവരെ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് വരുന്നവരെപ്പോലെ പരിഗണിക്കും. എന്നാല്‍ അമേരിക്കയിലെ ജീവിത ചിലവിനും ചികില്‍സയ്ക്കും പണമുണ്ടെന്ന് ഇവര്‍ തെളിയിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.

അമേരിക്കയില്‍ സന്ദര്‍ശനത്തിനു വന്ന അമ്മ പ്രസവിച്ചതുകൊണ്ടു മാത്രം ഒരു കുട്ടിക്ക് അമേരിക്കന്‍ പൗരത്വം നേടാനുള്ള യോഗ്യതയുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിലപാട്. എന്നാല്‍ പുതിയ നിയമം പ്രാവര്‍ത്തികമാക്കണമെങ്കില്‍ ചില സാങ്കേതികമായ തടസ്സങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗര്‍ഭിണികള്‍ക്കുള്ള ടൂറിസ്റ്റ് വീസകള്‍ നിയന്ത്രിക്കുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം. ഒരു സ്ത്രീ ഗര്‍ഭിണിയാണോ എന്ന് ഉദ്യോഗസ്ഥര്‍ എങ്ങനെ തീരുമാനിക്കും-എന്നതാണ് മറ്റൊരു ചോദ്യം. ഗര്‍ഭിണിയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ ഒരു സ്ത്രീയെ പിന്തിരിപ്പിക്കാന്‍ സാധിക്കുമോ എന്നത് മറ്റൊരു കാര്യം. അതായത് മറ്റെന്തെങ്കിലും കൃത്യമായ കാര്യം സന്ദര്‍ശനത്തിന് ഉണ്ടെങ്കില്‍ ഇവരെ ഏത് തരത്തില്‍ പിന്തിരിപ്പിക്കാന്‍ സാധിക്കും എന്നതാണ് ചോദ്യം.

Top