ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചു. ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷന്‍ വീചാറ്റുമായുള്ള ഇടപാടുകള്‍ നിരോധിക്കുന്ന സമാനമായ ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്.
എന്ത് തരം ഇടപാടുകളാണ് നിരോധിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. 45 ദിവസത്തിന് ശേഷം വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്സ് അത് വ്യക്തമാക്കുമെന്നാണ് ഉത്തരവിലുള്ളത്. അതിനാല്‍ ഇത് ആപ്ലിക്കേഷനുകളുടെ അമേരിക്കയിലെ പ്രവര്‍ത്തനത്തെ ഏത് രീതിയിലാണ് ബാധിക്കുകയെന്ന് വ്യക്തമല്ല.
രണ്ട് ആപ്ലിക്കേഷനുകളെയും നേരിട്ട് നിരോധിക്കുകയാണെന്ന് ഉത്തരവുകളില്‍ പറഞ്ഞിട്ടില്ല. പകരം അവയ്ക്ക് മറ്റ് രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കമാണ്.
ഉത്തരവ് പരിശോധിച്ചുവരികയാണെന്നാണ് ഇത് സംബന്ധിച്ച് ടെന്‍സെന്റിന്റെ പ്രതികരണം. ശരിയായ നടപടിക്രമങ്ങളിലൂടെയല്ല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ടിക് ടോക്ക് കുറ്റപ്പെടുത്തി. അമേരിക്കയിലുള്ള വിശ്വാസത്തെയും നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയേയും ഇത് ദുര്‍ബലപ്പെടുത്തുമെന്നും ടിക് ടോക്ക് പറഞ്ഞു.