വാഷിംഗ്ടണ്‍: കോവിഡിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന് വീണ്ടും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഈ സംഭവത്തെ നിസ്സാരമായി കാണാന്‍ തയ്യാറല്ലെന്നും ട്രംപ് പറഞ്ഞു.
ചൈനയില്‍ നിന്ന് തന്നെയാണ് കൊറോണ വൈറസിന്റെ ഉത്ഭവം. അക്കാര്യത്തില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല. ഈ സംഭവത്തെ നിസ്സാരമായി കാണാനും തയ്യാറല്ല. മിച്ചിഗണില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ നേതാക്കളുമായി പങ്കെടുത്ത സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കാന്‍ സാധിക്കാത്തത് ചൈനയുടെ കഴിവില്ലായ്മയാണ് എന്ന് ട്രംപ് വിമര്‍ശിച്ചു. കൊറോണ മൂലം 94000 ത്തിലധികം അമേരിക്കക്കാരാണ് മരിച്ചത്. 1.6 ദശലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
അതേസമയം, ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത കൊറോണ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ചൈനയുടെ കഴിവുകേടാണെന്നും അമേരിക്കയെ തകര്‍ക്കാനാണ് ചൈന ശ്രമിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി.
മഹാമാരിക്ക് കാരണം കമ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കകാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞു.